വന്ദേ ഭാരത് എക്‌സ്പ്രസില്‍ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചത് ശരിയായില്ലെന്ന് വടകര എംപി കെ മുരളീധരന്‍

പാലക്കാട് എംപിക്ക് ഈ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പറഞ്ഞ മുരളീധരന്‍, പോസ്റ്ററൊട്ടിച്ചത് ആരായാലും പാര്‍ട്ടി നടപടിയെടുക്കുമെന്നും പറഞ്ഞു. വന്ദേ ഭാരത് എക്‌സ്പ്രസിന് തലശ്ശേരിയില്‍ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേകരിച്ചു. മൂന്ന് പേര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തില്‍ പാലക്കാട് എസ്പിക്ക് പരാതി നല്‍കുമെന്ന് വികെ ശ്രീകണ്ഠന്‍ എംപി അറിയിച്ചു. സ്ത്രീകളടക്കമാണ് സൈബറാക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല പോസ്റ്ററൊട്ടിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സെന്തില്‍ പ്രതികരിച്ചു. പുതൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗമാണ്. ആവേശത്തിലാണ് പോസ്റ്ററൊട്ടിച്ചത്, ആരെയും അപമാനിക്കാന ശ്രമിച്ചിട്ടില്ല, പൊലീസുകാര്‍ പറഞ്ഞപ്പോള്‍ പോസ്റ്റര്‍ മാറ്റി. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെല്‍ഫി എടുക്കാന്‍ മാത്രമാണ് മഴവെള്ളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. സംഭവം നിര്‍ഭാഗ്യകരമാണ്. പശ ഉപയോഗിച്ചല്ല ഒട്ടിച്ചതെന്ന് പറഞ്ഞ അദ്ദേഹം ആര്‍പിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടു വരട്ടെയെന്നും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *