വന്ദന വധം: വിചാരണ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഡോ.വന്ദനാദാസ് കൊലക്കേസില്‍ വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ ചോദിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയില്‍ വ്യക്തമാക്കി. ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മെയ് 10 നാണ് സംഭവം നടന്നത്. തുടര്‍ന്ന് കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.