സിവിക് ചന്ദ്രന്‍ കേസില്‍ കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ വിഡി സതീശന്‍; ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്?. 19ാം നൂറ്റാണ്ടിലെ സ്‌പെയിനിലാണോ അതോ 21ാം നൂറ്റാണ്ടിലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടിയരയ്ക്കുന്ന കാഴ്ചയാണ് കോടതി പരാമര്‍ശത്തില്‍ കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നുമാണ് കോടതി ഉത്തരവ്. ശാരീരിക അവശതകളുള്ള, എഴുപത്തിനാലുകാരനായ പ്രതിക്ക് ബലമായി പരാതിക്കാരിയെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും, ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. കോടതിയുടെ വിചിത്ര ഉത്തരവ് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *