പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിഡി സതീശന്‍

കൊച്ചി: പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി ക്രിമിനലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ക്രിമിനല്‍ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നുവെന്നും നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന്‍ പറഞ്ഞു. ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും പറഞ്ഞ സതീശന്‍ മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്നും കുറ്റപ്പെടുത്തി.

നാട്ടുകാരുടെ പണമാണ് നവ കേരള സദസ്സിന് ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ മനഃപൂര്‍വമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ്‌ഐആറില്‍ എഴുതിയത്. ഇനി ഒരു നിമിഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കണം. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.

നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയല്ലെന്നും ഇടതുമുന്നണിയുടെ പരിപാടിയെന്നും ഇടതുമുന്നണി കണ്‍വീനറുടെ സര്‍ക്കുലറോടെ കൂടുതല്‍ വ്യക്തമായി. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയുടെ ട്രോളും തമാശയും മന്ത്രിസഭയില്‍ മതി ജനങ്ങളുടെ നേരെ വേണ്ട. മുഖ്യമന്ത്രി അഹങ്കാരത്തിന്റെ കോടിയിലാണ് നില്‍ക്കുന്നത്. ഉളുപ്പില്ലാത്ത മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പിണറായി വിജയനുമായി സന്ധി ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് എല്‍ ഡി എഫും യു.ഡി എഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. അതില്‍ ബിജെപിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *