നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ

കൊച്ചി: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു.

ആദ്യ മണിക്കൂറിൽ തന്നെ മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പ്രമുഖർ വോട്ട് ചെയ്തു. മിക്ക സ്ഥാനാർത്ഥികളും രാവിലെ തന്നെ ബൂത്തിൽ എത്തി. ചിലയിടങ്ങളിൽ മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തു.

ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ അടക്കം പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് കെപിസിസി അധ്യക്ഷനും പ്രതികരിച്ചു.