പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ മൊതലപ്പൊഴി സന്ദര്‍ശിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതിനെതിരെ നാളെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
മുതലപ്പൊഴി സന്ദര്‍ശിക്കും. രാവിലെ 9 മണിക്ക് അദ്ദേഹം മത്സ്യത്തൊഴിലാളികളുമായി സംസാരിക്കും. തുടര്‍ന്ന് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

നേരത്തെ തന്നെ മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് സതീശന്‍ വിമര്‍ശനം ഉന്നയിച്ചത്.
മുതലപ്പൊഴി അപകടം സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.
ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരായ കേസ് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തീരദേശ ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവമാണ് സര്‍ക്കാരിനുള്ളത്. മുതലപ്പൊഴിയെ മരണക്കുഴിയാക്കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. കേസെടുത്ത് ഭയപ്പെടുത്താം എന്നതാണ് സര്‍ക്കാരിന്റെ എക്കാലത്തെയും നയം. ജനപ്രതിനിധികളെ കണ്ടാല്‍ തീരദേശവാസികള്‍ വികാരപരമായി പ്രതികരിക്കും, അത് അവരുടെ രീതിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *