മറച്ചുവച്ചതോ വിട്ടുപോയതോ മന്ത്രി റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണയുടെ 2.97 കോടി വരുമാനമില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ക്കും കമ്പനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതല്‍ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനം 4.05 കോടി രൂപ. എന്നാല്‍, വീണയുടെ ഭര്‍ത്താവായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി റിട്ടേണ്‍ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രം. 2.97 കോടിയുടെ വരുമാനം മറച്ചുവയ്ക്കുകയോ വിട്ടുപോകുകയോ ചെയ്‌തെന്നാണു ലഭ്യമായ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.

സ്ഥാനാര്‍ഥിയോ ജീവിതപങ്കാളിയോ പൊതുമേഖലാ സ്ഥാപനങ്ങളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന സത്യവാങ്മൂലത്തിലെ ചോദ്യത്തിനും ‘ഇല്ല’ എന്നായിരുന്നു റിയാസിന്റെ മറുപടി. വീണയും വീണയുടെ കമ്പനിയും സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികളുമായി കരാറിലേര്‍പ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തില്‍ ഇല്ല എന്ന മറുപടി.

ജിഎസ്ടി രേഖകള്‍ പ്രകാരം വീണയ്ക്ക് 2018 മുതല്‍ 2021 വരെ 1.55 കോടി രൂപയാണു വിറ്റുവരവ്. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് 2017 മുതല്‍ 2021 വരെ കിട്ടിയതാകട്ടെ 2.50 കോടി രൂപയും. ഇതു രണ്ടും ചേര്‍ത്തുള്ള ആകെ വരുമാനമാണ് 4.05 കോടി രൂപ. എന്നാല്‍ സത്യവാങ്മൂലത്തില്‍ പറയുന്ന വരുമാനം 1.08 കോടി മാത്രം. ഒരു ഉടമ മാത്രമുള്ള കമ്പനിയുടെ (വണ്‍ പഴ്‌സന്‍ കമ്പനി) ഒരു സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം രണ്ടര കോടി രൂപ കവിഞ്ഞാല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്നാണു ചട്ടം. ഇതു മറികടക്കാന്‍ എക്‌സാലോജിക്കിന്റെ വരുമാനം രണ്ടര കോടിയിലെത്തിയപ്പോള്‍ വീണ സ്വന്തം പേരില്‍ ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുക്കുകയും സിഎംആര്‍എല്ലുമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *