വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഡ്യൂട്ടിയില്‍നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താന്‍ നടപടി ആരംഭിച്ചു.
വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയതിന് പിന്നാലെയാണ് തീരുമാനം. തിരുവനന്തപുരം സ്വദേശികളായ കോളജ് വിദ്യാര്‍ഥിനികളാണ് രാത്രി കട്ടപ്പനയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്തത്. വെഞ്ഞാറമൂട്ടില്‍ ഇറക്കണമെന്ന അഭ്യര്‍ഥന ഉണ്ടായിരുന്നിട്ടും, അവരെ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി.
ടിക്കറ്റിന് അമിതമായി പണം ഈടാക്കിയതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.