എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷന്‍ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. സമൂഹ നീതിയ്ക്കായാണ് തന്റെ പോരാട്ടമെന്നും , എം കെ സ്റ്റാലിന്‍ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡിഎംകെയ്ക്ക് രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു. എല്ലാത്തിനും വിമര്‍ശനം എന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്നും ടിവികെ ഇനിയും വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും വിജയ് പറഞ്ഞു. പെരിയാറിന്റെയും അണ്ണാദുരൈയുടെയും പേരില്‍ ഭരണം നടത്തുന്നവര്‍ നാടിനെ നശിപ്പിക്കുകയാണെന്ന് അദേഹം വിമര്‍ശിച്ചു.
മണല്‍ കടത്തിലൂടെ ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചെന്ന് വിജയ് ആരോപിച്ചു. മുകളില്‍ നിന്നും താഴെ വരെയുള്ളവര്‍ സിന്‍ഡിക്കേറ്റായി കൊള്ളയടിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നവനെ ഭരണകര്‍ത്താക്കള്‍ എതിര്‍ക്കും. ഇതെല്ലാം തിരിച്ച് ചോദിക്കുന്ന ദിവസം വരുമെന്ന് അദേഹം പറഞ്ഞു. കരൂര്‍ ദുരന്തത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും അത് പിന്നീട് പറയാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.