സംസ്ഥാന പര്യടനം തല്‍ക്കാലം റദ്ദാക്കാന്‍ വിജയ്

സംസ്ഥാന പര്യടനം തല്‍ക്കാലം മാറ്റിവയ്ക്കാന്‍ TVK നേതാവ് വിജയ്. ഓണ്‍ലൈന്‍ യോഗത്തില്‍ വിജയ് ഇക്കാര്യം സംസാരിച്ചു. അടുത്ത ആഴ്ചയിലെ വിജയ്യുടെ പര്യടനം റദ്ദാക്കി. വിജയ്യുടെ റാണിപെട്ട്, തിരുപ്പത്തൂര്‍ ജില്ലകളിലെ പര്യടനം റദ്ദാക്കി. വിജയ്യുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. 2026ല്‍ തമിഴ്നാട് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ സൂപ്പര്‍താരം വിജയ് കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ വന്‍ നിയമക്കുരുക്കിലേക്ക് വീണേക്കും.

39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ സംഭവത്തിന് പിന്നാലെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലെ വീട്ടിലെത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ എക്സില്‍ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തി.തമിഴ്നാടിനെ നയിക്കാന്‍ ഇതാ വരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിവന്നത്.

ബിഗ് സ്‌ക്രീനിലെ സൂപ്പര്‍ താരത്തെ കാണാന്‍ രാഷ്ട്രീയം മറന്ന് എല്ലായിടത്തും ആളുകൂടി. സിനിമ സെറ്റുകളെ വെല്ലുന്ന വേദികളൊരുക്കി വിജയ് റാംപിലൂടെ ജനക്കൂട്ടത്തിന് നടുവിലേക്ക് നടന്നു. കൃത്യമായ സംഘാടനമില്ലെന്ന് ആദ്യ റാലി മുതല്‍ തന്നെ വിജയും സംഘവും തെളിയിച്ചു. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസവും ആള്‍ക്കൂട്ടവും കാരണം ആദ്യ റാലി തന്നെ അലങ്കോലപ്പെട്ടു.

ഡിസംബര്‍ 20ന് തീരുമെന്ന് ആദ്യം പ്രഖ്യാപിച്ച പര്യടനം പിന്നീട് ജനുവരി വരെ നീളുമെന്ന് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ മറികടന്നെത്തിയ ആള്‍ക്കൂട്ടം കോടതിയെ പോലും ആശങ്കപ്പെടുത്തി. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തില്‍ ഒരാള്‍ മരിച്ചതോടെ ആശങ്ക വെറുതേയല്ലെന്ന് വ്യക്തമായി. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി പറഞ്ഞിരുന്നു.