തമിഴ്‌നാട്ടിൽ വിജയ് ഇന്ന് പത്രിക നൽകും; ആഘോഷമാക്കാൻ ടിവികെ പ്രവർത്തകർ

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ് ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക നൽകും. ഉച്ചയ്‌ക്ക് 12 മണിയോടെ പത്രിക നൽകുമെന്നാണ് സൂചന. തുടർന്ന് കൊളത്തൂർ, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിക്ക് പെരമ്പൂരിൽ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.
നാം തമിളർ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാർത്ഥികളും ഇന്ന് പത്രിക സമർപ്പിക്കും. ഏപ്രിൽ ആറ് വരെ പത്രികസമർപ്പിക്കാൻ സമയമുണ്ടെങ്കിലും നാല് സർക്കാർ അവധിദിനങ്ങൾ ഇതിനിടയിൽ വരുന്നുണ്ട്. അതിനാൽ, പത്രികാസമർപ്പണം വേഗത്തിൽ പൂർത്തിയാക്കാനാണ് എല്ലാ പാർട്ടികളുടെയും തീരുമാനം.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി.
ആദായനികുതി അടയ്‌ക്കാത്ത സ്‌ത്രീകൾക്ക് ഇലക്‌ട്രിക് വീട്ടുപകരണങ്ങൾ വാങ്ങാൻ 8000 രൂപയുടെ കൂപ്പൺ നൽകുന്നതാണ് പത്രികയിലെ പ്രധാന വാഗ്‌ദാനം. നിലവിലുള്ള ക്ഷേമ പദ്ധതികളുടെ തുക വർദ്ധിപ്പിക്കുമെന്നും പത്രികയിൽ പറയുന്നു. എം കനിമൊഴി എംപി അദ്ധ്യക്ഷയായ സമിതിയാണ് പ്രകടനപത്രിക തയ്യാറാക്കിയത്. രണ്ട് കോടിയോളം സ്‌ത്രീകൾക്ക് ഗുണകരമാകുന്നതാണ് ‘ഇല്ലത്തരസി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി. സൗജന്യം നൽകുകയല്ലെന്നും സാധാരണക്കാരുടെ ആസ്‌തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും കനിമൊഴി എംപി പറഞ്ഞു.
അഞ്ചാം ക്ലാസ് വരെ നടപ്പിലാക്കിയിരുന്ന പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. സ്‌ത്രീകൾക്ക് പ്രതിമാസം നൽകിയിരുന്ന 1000 രൂപ 2000 ആയി ഉയർത്തും. പഠനം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്കായി നൽകിയിരുന്ന 1000 രൂപ സ്റ്റൈഫന്റ് 1500 രൂപയാക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമുള്ള പെൻഷൻ 2000 രൂപയാക്കും. മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധന സമയത്തെ സഹായത്തുക 9000 രൂപയാക്കും. കർഷർക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ.