കോടിയേരി മരണശേഷം പാർട്ടി അവഗണിച്ചു: ഫോണെടുക്കാത്ത അനുഭവം തുറന്നുപറഞ്ഞ് വിനോദിനി

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണത്തിന് ശേഷം സിപിഎം നേതൃത്വത്തിൽ നിന്ന് നേരിട്ടത് വലിയ അവഗണനയാണെന്ന് വിനോദിനി പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനോദിനിയുടെ തുറന്നുപറച്ചിൽ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നേരെ പരോക്ഷവിമർശനവും വിനോദിനി ഉന്നയിച്ചു.
സാധാരണ പ്രവർത്തകരെക്കുറിച്ചല്ല ഞാൻ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് സംസാരിക്കാൻ തോന്നാത്ത ഒരു കാലമായി ഇത് മാറിയോ? ശുപാർശക്കൊന്നുമല്ല, പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടി പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാൻ വിളിച്ചിട്ടും ഫോണെടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല.
വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലു വർഷത്തിനിടയിൽ എനിക്കുണ്ടായ അനുഭവമാണ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്’- വിനോദിനി അഭിമുഖത്തിൽ പറഞ്ഞു.