തിരുവനന്തപുരം: കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതനായ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഹൈക്കോടതി വിധിയുടെ ലംഘനവും ഗതാഗതതടസ്സം ഉണ്ടാക്കിയതും ചൂണ്ടിക്കാട്ടി ഐപിസി 188,283 വകുപ്പുകള്‍ പ്രകാരം രാഹുലിനെ ഒന്നാംപ്രതിയാക്കിയും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പി.ബി. ശ്രീനിവാസിനെ രണ്ടാംപ്രതിയാക്കിയുമാണ് കേസ്. പൂജപ്പുര പോലീസാണ് കേസെടുത്തത്.
ജയില്‍മോചിതനായശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നു. ഇന്നലെ രാത്രി 9 മണി കഴിഞ്ഞാണ് രാഹുല്‍ ജയില്‍ മോചിതനായത് . പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന മൈക്കിലൂടെയാണ് രാഹുല്‍ പ്രസംഗിച്ചത്. മൈക്ക് പ്രവര്‍ത്തിക്കാന്‍ പോലീസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. രാഹുലിനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പി ബി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.
പ്രസംഗത്തില്‍ രാഹുല്‍ മാങ്കൂട്ടം സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഇന്നലെ രാത്രി തന്നെ രഹസ്യനേ്വഷണ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ എം ആര് സതീഷ് കുമാറിനോട് റിപ്പോര്‍ട്ട് നല്കാന് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു.