റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരം ; പ്രതിഷേധത്തില്‍ തലസ്ഥാനത്ത് ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ആറ്റിങ്ങല്‍, പൂവാര്‍, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷന് കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉന്നയിച്ചും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുന്നു. വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. . വൈകിട്ട് 3 വരെയാണ് ഉപരോധം.
ചാക്കയില്‍ റോഡ് ഉപരോധിച്ചതോടെ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ കുടുങ്ങി. പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി നിര്‍ദേശിക്കാത്തതിനാല്‍ ഇതര ജില്ലയിലുള്ളവര്‍ ബുദ്ധിമുട്ടി. പലര്‍ക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. വിഎസ്എസ്സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു.
വിഴിഞ്ഞം ജംക്ഷന്, മുല്ലൂര്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടെങ്കിലും രാവിലെ തന്നെ ഇവിടങ്ങളില്‍ ഉപരോധം ആരംഭിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായി ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും കണക്കിലെടുത്താണ് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
19ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ കലാസാംസ്കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്. സര്‍ക്കാരും സമരക്കാരുമായി സമവായ ചര്‍ച്ച ഉടനെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണും.