വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്, മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട് ; ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി : വി കെ പ്രശാന്ത്

തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്ന് പറഞ്ഞ വി കെ പ്രശാന്ത്, ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും വി കെ പ്രശാന്ത് ആരോപിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കരാർ കാലാവധി തീരാതെ ഒഴിയില്ലെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോർപ്പറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോർപ്പറേഷന്‍റെ വാദം. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ലെന്നും തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് വി കെ പ്രശാന്തിനോട്‌ ഓഫീസ് ഒഴിയാൻ ആവശ്യപെട്ടതെന്നുമാണ് ശ്രീലേഖയുടെ പ്രതികരണം.