ജയിക്കാന്‍ വേണ്ടി തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ട്; ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: ജയിക്കാന്‍ വേണ്ടി തൃശൂര്‍ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഒരു വര്‍ഷം മുന്‍പ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. ജയിക്കാന്‍ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേര്‍ക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശൂരില്‍ വോട്ട് ചേര്‍ത്തതായി കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി ബി ഗോപാലകൃഷ്ണന്‍ എത്തുന്നത്.

നേരത്തെ, തൃശൂരിലെ വോട്ടര്‍ പട്ടിക ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞൊഴിയുകയായിരുന്നു.

കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. ചില വാനരന്മാര്‍ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോയെന്നും സുരേഷ് ഗോപി പരിഹസിച്ചു. അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയില്‍ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നല്‍കും. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയെ അടക്കം പേര് എടുത്തു പറയാതെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങള്‍ക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വിഷയത്തില്‍ ദിവസങ്ങളോളം മൗനം പാലിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.