വാളയാർ ബലാത്സംഗ കേസ്: പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ സിബിഐ

വാളയാറിൽ രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സി ബി ഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു.
വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതിയെ മറ്റൊരു ലൈംഗിക പീഡന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള പ്രതിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ സംബന്ധിച്ച് പ്രിലിമിനറി അസസെസ്മെന്റ് (ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പതിനാറ് വയസ്സ് പൂർത്തിയായതോ അതിൽ കൂടുതലോ പ്രായമുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യം ചെയ്യാനുള്ള കുട്ടിയുടെ മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് എന്നിവ സംബന്ധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തുന്ന വിലയിരുത്തൽ) നടത്തുന്നതിനുമാണ് സിബിഐ ശ്രമം.
ഇരകളായ പെൺകുട്ടികളുടെ, അമ്മയുടെ ബന്ധുവിന്റെ മകനായതിനാൽ,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വീട്ടിൽ നിയമത്തിന് എതിരായി വന്ന കുട്ടിക്ക് ( സി സി എൽ ) സ്വതന്ത്രമായ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് സിബിഐയുടെ ഹർജിയിൽ പറയുന്നു. ഈ സി സി എൽ, 60 വയസ്സുള്ള ഒരു സ്ത്രീയെ ആക്രമിച്ചതിന് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്