വഖഫ് നിയമസഭേഗദതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാര്‍ലമെന്ററി സമിതി വിശദമായ ചര്‍ച്ച ബില്ലിന്മേല്‍ നടത്തി. ഇത്രയും വിശദമായി ചര്‍ച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പലയിടത്തുനിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. വിമര്‍ശനങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കാന്‍ തയാറാണെന്ന് മന്ത്രി പറഞ്ഞു.
നുണകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. മുന്‍പും വഖഫ് ബില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കും. പ്രതിപക്ഷ അംഗങ്ങള്‍ ദയവുചെയ്ത് ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമുണ്ടായെന്നും യുപിഎ സര്‍ക്കാര്‍ പലതും വഖഫ് ബോര്‍ഡിന് നല്‍കിയെന്നും ബില്ല് അവതരണവേളയില്‍ മന്ത്രി ലോക്‌സഭയില്‍ വിമര്‍ശിച്ചു. പാര്‍ലമെന്റ് വളപ്പും വിമാനത്താവളവും വരെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നുവെന്ന് കിരണ്‍ റിജിജു പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ ബഹളം വച്ചത് കൊണ്ട് കാര്യമില്ലെന്ന് കിരണ്‍ റിജിജു പ്രതിപക്ഷത്തോട് പറഞ്ഞു.
മതപരമായ സ്ഥാപനങ്ങളില്‍ കൈകടത്താന്‍ അല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. പ്രതിപക്ഷം ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ല. യു പി എ സര്‍ക്കാര്‍ വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. ആരാധനലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ്. വസ്തുവകകള്‍ പരിപാലിക്കുകയാണ് വഖഫ് ബോര്‍ഡിന്റെ ചുമതലയെന്ന് കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്‍കിയതിലാണ് പുതിയ ഭേദഗതികള്‍ ആവിശ്യമായി വന്നതെന്ന് മന്ത്രി വ്യക്തമാക്കി.