വഖഫ് നിയമ ഭേദഗതി: വീടുകള്‍ കയറി പ്രചാരണം നടത്താന്‍ ബിജെപി

ദില്ലി: വഖഫ് നിയമ ഭേദഗതിയില്‍ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങള്‍ തോറും വീട് കയറി പ്രചാരണത്തിന് നിര്‍ദ്ദേശം. സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പ്രചാരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതല്‍ തുടങ്ങും.

ജില്ലാതലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനന്‍ അഗര്‍വാള്‍, അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ധിഖി എന്നിവര്‍ക്ക് ചുമതല നല്‍കി. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. അരവിന്ദ് മേനോനാണ് പ്രചാരണത്തിന്റെ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല.

അതേസമയം, മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ വഖഫ് ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂര്‍ മുന്‍സിഫ് കോടതിയുടെ വിധി ശരി വെച്ച ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക. ഭൂമി വഖഫ് ആണെന്ന് കാണിച്ച് 1971 ല്‍ ഫാറൂഖ് കോളേജ് കോടതിയില്‍ നല്‍കിയ സത്യ വാഗ്മൂലം ഇന്ന് വഖഫ് ബോര്‍ഡ് ട്രിബൂണനില്‍ ഹാജരാക്കും. ഭൂമി ഫാറൂഖ് കോളേജിന് കീഴില്‍ വരുന്ന വഖഫ് ഭൂമിയാണെന്ന 1971ലെ പറവൂര്‍ കോടതി വിധി ഇന്നലെ ട്രിബൂണല്‍ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *