തിരുവനന്തപുരം : വടക്ക് കാസർകോട് മഞ്ചേശ്വരം പുഴ മുതൽ തെക്ക് തിരുവനന്തപുരത്തെ നെയ്യാർ വരെയുള്ള സംസ്ഥാനത്തെ 44 നദികളിൽനിന്നു ശേഖരിച്ച ജലവുമായി നടത്തുന്ന ജല സംരക്ഷണ സന്ദേശയാത്ര ഉൾപ്പെടെ മാർച്ച് 21, 22തീയതികളിലായി സംസ്ഥാന ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ലോക ജലദിനാഘോഷം നടത്തും.
“ജലം ജീവനാണ് ” എന്ന സന്ദേശവുമായി 941 ഗ്രാമപഞ്ചായത്തുകളിൽ കേരള ജലസഭ എന്ന പേരിൽ മാർച്ച് 22 മുതൽ ഭൗമദിനമായ ഏപ്രിൽ 22 വരെ നടക്കുന്ന ജലസൗഹൃദമാസം ജനബോധന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 22 ന് രാവിലെ 9.30 ന് വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിക്കും. ഗതാഗത വകുപ്പു മന്ത്രി ശ്രീ. ആന്റണി രാജു അധ്യക്ഷനായിരിക്കും.
കേരള ജലസഭയുടെ വിളംബര സന്ദേശവുമായി മാർച്ച് 20 ന് കാസർകോടു നിന്ന് ആരംഭിക്കുന്ന “ജല സംരക്ഷണ സന്ദേശ യാത്ര” യിൽ കേരളത്തിലെ 44 നദികളിൽ നിന്നും 44 മൺകുടങ്ങളിൽ 44 ഗ്രാമപഞ്ചായത്തുകളും ജലജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി (ISA) കളും ചേർന്ന് ശേഖരിച്ച ജലം മാർച്ച് 21ന് വൈകിട്ട് 5.00 ന് പ്രത്യേക വാഹനത്തിൽ പാളയം രക്ത സാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. നിറകുടങ്ങളിലാക്കിയ നദീജലവുമായി 44 പ്രതിനിധികൾ പദയാത്രയായി സെക്രട്ടറിയേറ്റ് നടയിൽ 5.30 ന് എത്തിച്ചേരുമ്പോൾ വി.കെ. പ്രശാന്ത് എം.എൽ.എ., തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയ നഗരസഭാ – ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- പരിസ്ഥിതി രംഗത്തെ 44 പ്രമുഖർ നദീജലം സ്വീകരിച്ചു കൊണ്ടു വരവേൽപ്പു നൽകും. സെക്രട്ടറിയേറ്റ് നടയിൽ നടക്കുന്ന നദീജല വരവേൽപ്പ് സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ കവികൾ പങ്കെടുക്കുന്ന ജലം ജീവനാണ് – കവിയരങ്ങും നടക്കും. ലോക ജലദിനമായ മാർച്ച് 22 മുതൽ ലോക ഭൗമദിനമായ ഏപ്രിൽ 22 വരെ ജലസൗഹൃദ മാസമായി ആചരിക്കും.
ലോക ജലദിനമായ മാർച്ച് 22ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ കേരള ജലസഭ (കേരള വാട്ടർ പാർലമെന്റ്), ജല സംരക്ഷണ പ്രതിജ്ഞ, ജലസംരക്ഷണ സന്ദേശങ്ങൾ പതിപ്പിച്ച കെഎസ്ആർടിസി ബസിന്റെ ഫ്ലാഗ് ഓഫ്, വീഡിയോ ഹ്രസ്വചിത്ര മൽസരം, ക്വിസ് മത്സര ലോഗോ പ്രകാശനം, സെമിനാർ, ഷെറീഫ് പനവൂരും സംഘവും അവതരിപ്പിക്കുന്ന തെരുവ് നാടകം എന്നിവ നടക്കും.
ജലജീവൻ മിഷൻ നിർവഹണ ഏജൻസികളായ കേരള വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി, നിർവ്വഹണ സഹായ ഏജൻസി (ISA) കളായ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ (NGO) ഉൾപ്പെടെയുള്ള 44 സന്നദ്ധ സംഘങ്ങൾ എന്നിവ ചേർന്നാണ് ജലദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.