വയനാട് തുരങ്കപാത; പാറപൊട്ടിക്കുന്നതിനുള്ള ആദ്യ ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട്: വയനാട് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മറിപ്പുഴ പദ്ധതിപ്രദേശത്താണ് സ്വിച്ച് ഓൺ കർമ്മങ്ങൾ നടന്നത്. സുരക്ഷാപരിശോധനകളുൾപ്പടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ബ്ളാസ്റ്റ് നടത്തിയത്.
വയനാട്- കോഴിക്കോട് ജില്ലകളുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്നതാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത. പതിറ്റാണ്ടുകളായുള്ള നാടിന്റെ ആവശ്യമാണ് വയനാട് തുരങ്കപാത. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.പാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കമുള്ള യന്ത്രങ്ങൾ നേരത്തെ മറിപ്പുഴയിൽ എത്തിച്ചിരുന്നു. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. പിന്നീടാണ് വയനാട് കള്ളാടി ഭാഗത്ത് തുരക്കുക. ഈ ഭാഗത്തെ മണ്ണ് കൂടുതൽ നീക്കാനുണ്ട്.
ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത് നടത്തുന്നത്. തുടക്കഭാഗം ഡ്രില്ല് ചെയ്ത ശേഷം പാറപൊട്ടിച്ച് പാതയൊരുക്കുന്ന ടണലിംഗ് രീതിയാണിത്. പാറയുടെ ഘടനയും ഉറപ്പും കൃത്യമായി പരിശോധിച്ച ശേഷമാണ് പാറ തുളയ്ക്കൽ തുടങ്ങുന്നത്. അപകട സാദ്ധ്യത മുൻനിർത്തി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിയിൽ 2043 കോടിരൂപ ചെലവിലാണ് പാത നിർമാണം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർവഹണ ഏജൻസി.