‘ഇന്ത്യാ മുന്നണിയില്‍ കോണ്‍ഗ്രസിനെ വേണ്ട, പുറത്താക്കണം’; നീക്കവുമായി ആം ആദ്മി

ന്യൂഡല്‍ഹി: പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്കില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെയും മറ്റ് ഡല്‍ഹി നേതാക്കളുടെയും പരാമര്‍ശങ്ങളില്‍ എഎപി അസ്വസ്ഥരാണെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ആം ആദ്മി ഇന്ത്യാ ബ്ലോക്കിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് വൃത്തങ്ങള്‍ പറയുന്നു.
അജയ് മാക്കന്റെ പ്രസ്താവനയില്‍ പ്രതികരണം അറിയിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും എഎപി നേതാവ് സഞ്ജയ് സിംഗും വാര്‍ത്താസമ്മേളനം നടത്തും. 2013 ലെ അരവിന്ദ് കെജ്രിവാളിന്റെ 40 ദിവസത്തെ സര്‍ക്കാരിന് കോണ്‍ഗ്രസ് നല്കിയ പിന്തുണയാണ് ദേശീയ തലസ്ഥാനത്ത് പാര്‍ട്ടി ദുര്‍ബലമാകാനുള്ള പ്രധാന കാരണമെന്ന് അജയ് മാക്കന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആം ആദ്മി പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിലെ തെറ്റ് തിരുത്തേണ്ടതുണ്ടെന്നും അജയ് മാക്കന് പറഞ്ഞിരുന്നു. ഇതാണ് ആം ആദ്മി പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി സര്‍ക്കാരിന്റേയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ധവളപത്രം പുറത്തിറക്കുന്നതിനിടെയാണ് മാക്കന്റെ പരാമര്‍ശം.
2013 ല്‍ 40 ദിവസം ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ചതാണ് ഡല്‍ഹിയുടെ ദുരവസ്ഥയ്ക്ക് കാരണം. അതിനാലാണ് ഇവിടെ കോണ്‍ഗ്രസ് തളര്‍ന്നതെന്നും എനിക്ക് തോന്നുന്നു,” അജയ് മാക്കന് പറഞ്ഞു. 2013-ല്‍ കോണ്‍ഗ്രസ് കെജ്രിവാളിനെ സഹായിച്ചിരുന്നില്ലെങ്കില്‍ ഡല്‍ഹി നിവാസികള്‍ക്ക് ഈ വെല്ലുവിളികള്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നതെന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുള്ള പഞ്ചാബില്‍ ജന്‍ലോക്പാല്‍ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മാക്കന് വിമര്‍ശിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇവിടെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് ഉണ്ടെങ്കില്‍ അത് ഫാര്സിവാള് എന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പുതുക്കിപ്പണിയുന്നതിനും സെന്‍ട്രല്‍ വിസ്ത നിര്‍മിക്കുന്നതിനും പണം ചെലവഴിച്ചുവെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ മാക്കന് ആരോപിച്ചു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്നാണ് വയോജനങ്ങള്‍ക്കുള്ള പെന്ഷന് നിര്‍ത്തലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിഫോം സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വ (ഭേദഗതി) നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്ക് പ്രത്യയശാസ്ത്ര പിന്തുണ നല്കുന്ന കെജ്രിവാളിനെ ‘ദേശവിരുദ്ധന്‍’ എന്നും മാക്കന് വിശേഷിപ്പിച്ചിരുന്നു. വ്യക്തിപരമായ നേട്ടങ്ങല് മാത്രം പിന്തുടരുന്ന കെജ്രിവാളിനെ എങ്ങനെ ആശ്രയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. 013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെ അട്ടിമറിച്ചാണ് കെജ്രിവാള് അധികാരം പിടിക്കുന്നത്.
2013 ല്‍ ബിജെപിക്ക് 32 സീറ്റും ആം ആദ്മിക്ക് 28 സീറ്റുമാണ് ലഭിച്ചത്. എട്ട് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് അന്ന് ആപ്പിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കെജ്രിവാള് സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ കോണ്‍ഗ്രസ്-എഎപി ബന്ധം 49 ദിവസം മാത്രമാണ് നീണ്ടുനിന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി വെറും 3 സീറ്റില്‍ ഒതുങ്ങി. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു.