ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികളുടെ ക്ഷേമത്തിന് ; വീഴ്ചവരുത്തന്നവര്‍ക്കെതിരെ കര്‍ശന നടപടി. മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : ക്ഷേമനിധി ബോര്‍ഡുകള്‍ തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ചവയാണ്. ഒറ്റപ്പെട്ട ചില ജീവനക്കാര്‍ക്ക് അത് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളികള്‍ക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കാന്‍ പാടില്ലെന്നും എല്ലാ ബോര്‍ഡ് ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം രണ്ടുമാസത്തിലകം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ നടന്ന ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബോര്‍ഡുകളില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണം. അനര്‍ഹരായ ആളുകളുടെ അംഗത്വവും ഇരട്ട അംഗത്വവും കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇത്തരത്തിലുള്ള അംഗത്വങ്ങളാണ് പലപ്പോഴും കാര്യക്ഷമമായ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നത്. ബോര്‍ഡ് ഓഫീസുകളിലെത്തുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണം. ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അതിനായി ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ഡോ. നവ്ജ്യോത് ഖോസ, വിവിധ ബോര്‍ഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *