പശ്ചിമേഷ്യന്‍ യുദ്ധം; ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ സൈനിക ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 28-ന് അയച്ച കത്തില്‍, വിദേശത്തെ സംഭവവികാസങ്ങള്‍ രാജ്യത്തിനകത്ത് ‘പ്രതിഫലനങ്ങള്‍’ ഉണ്ടാക്കിയേക്കാമെന്നും അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇറാന്‍ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകര്‍ വിദ്വേഷം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ക്രമസമാധാന നില തകരാതിരിക്കാന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിഷയങ്ങളെ മുന്‍നിര്‍ത്തി വൈകാരികമായി ജനങ്ങളെ ഇളക്കിവിടാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിച്ചേക്കാം. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. പശ്ചിമേഷ്യയില്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.