മര്‍ദ്ദനത്തിനു വരുമ്പോള്‍ കാലുണ്ടോ കയ്യുണ്ടോ എന്ന് ആരെങ്കിലും നോക്കുമോന്ന് : ഇ.പി.ജയരാജന്‍

തൃശൂര്‍ : മര്‍ദ്ദിക്കാന്‍ വരുമ്പോഴും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുമ്പോഴും എതിരെ നില്‍ക്കുന്നവര്‍ക്ക് കാലും കയ്യുമുണ്ടോയെന്ന് ആരെങ്കിലും നോക്കുമോയെന്ന ചോദ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജയരാജന്റെ പ്രതികരണം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഇങ്ങനെയാണോ ഒരു ഗവര്‍ണര്‍ പെരുമാറേണ്ടത് ഇന്ത്യന്‍ പ്രസിഡന്റ് ഇങ്ങനെ പെരുമാറിയാല്‍ എന്താവും പ്രധാനമന്ത്രിയുടെ അവസ്ഥ ഗവര്‍ണര്‍ക്ക് വേണ്ടതു ചെയ്യാന്‍ ബിജെപി നേതൃത്വം തയ്യാറാകണം.

ഗവര്‍ണര്‍ പദവിയെക്കുറിച്ച് അദ്ദേഹത്തിന് ഒരു നിശ്ചയവുമില്ലാത്ത തരത്തിലാണ് പെരുമാറ്റം. കാറില്‍ നിന്നൊക്കെ ചാടിയിറങ്ങി അടിപിടിക്കു പോകുന്ന മട്ടിലാണ് ഗവര്‍ണര്‍ ഇറങ്ങിയത്. ആര്‍എസ്എസിന്റെ ഗുണ്ടകളെ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഗവര്‍ണറെ പിന്തുണയ്ക്കുന്ന ബിജെപി ജനങ്ങളെ അപമാനിക്കുകയാണ്. ഗവര്‍ണറെ ചികില്‍സിപ്പിക്കാന്‍ കോടതിയില്‍ പോകാന്‍ പറ്റില്ലല്ലോ. കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു പോകുന്നത് ഒരു വികലാംഗന്റെ പണിയാണോ എന്തിനാണ് ആ പാവത്തെ പറഞ്ഞയച്ചത് ആ പറഞ്ഞയച്ചവര്‍ക്ക് എതിരായിട്ടാണ് നിങ്ങളുടെ വികാരം ഉണരേണ്ടത്. നടക്കാന്‍ വയ്യാത്ത ഒരു പാവത്തെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നതിനെക്കുറിച്ചല്ലേ നമ്മള്‍ ചിന്തിക്കേണ്ടത് അതാണ് തെറ്റ്.

മര്‍ദ്ദനത്തിനു വരുന്ന അവസരത്തില്‍ കാലുണ്ടോ, കയ്യുണ്ടോ എന്ന് ആരെങ്കിലും നോക്കുമോപൊലീസ് ലാത്തിച്ചാര്‍ജില്‍ നോക്കുമോ ഈ പാവത്തെ കൊണ്ടുവന്ന് ഇതിനു മുന്നിലേക്ക് എറിഞ്ഞുകൊടുത്തത് എന്തിന് നടക്കാന്‍ വയ്യാത്ത ആ പാവം ചെറുപ്പക്കാരനെ എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഈ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത് എന്നാല്‍പ്പിന്നെ വി.ഡി.സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ള്. അതിന് അവരാരും ഉണ്ടായിരുന്നില്ലല്ലോ. വടി കാണുമ്പോള്‍ത്തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയൊന്നും കൊണ്ടുവന്ന് ഇങ്ങനെ ചെയ്യിക്കരുത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ നേതൃത്വം മനസ്സിലാക്കണം.

ഗണ്‍മാന്‍മാര്‍ ഫെയ്‌സ്ബുക്കില്‍ വെല്ലുവിളി നടത്തിയെന്ന് പറയുന്നു. ഈ ഗണ്‍മാന്‍മാരെ ആക്രമിക്കുന്നത് ശരിയാണോ എന്തിനാണ് ഈ അക്രമം നടത്തുന്നത് എന്നാണ് നമ്മള്‍ നോക്കേണ്ടത്. വെല്ലുവിളിയെല്ലാം രണ്ടാമത്തെ കാര്യമല്ലേ നിങ്ങള്‍ ആദ്യം ഈ അക്രമത്തെ അപലപിക്കൂ. അതിനുശേഷം നിങ്ങള്‍ ഗണ്‍മാന്‍മാരുടെ കാര്യം ചോദിക്കൂ. ഗണ്‍മാന്‍മാരുടെ കാര്യം പറഞ്ഞ് നിങ്ങള്‍ എന്തിനാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്തെങ്കിലും ആവശ്യം ഈ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിട്ടാണോ ഈ കെഎസ്യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും കരിങ്കൊടിയുമായി നടക്കുന്നത് എന്താണ് അവരുടെ ഡിമാന്‍ഡ് ജയരാജന്‍ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *