കേരളത്തിൽ എൻഡിഎ സർക്കാർ വന്നാലും ഇല്ലെങ്കിലും’ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തും’

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎ സർക്കാർ വന്നാലും ഇല്ലെങ്കിലും ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പ്രായോഗികമായി ചിന്തിക്കുന്നയാളാണെന്നും നടൻ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ജനഹിതഭരണം കാഴ്‌ചവയ്ക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്കുണ്ടാവും. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. ശബരിമലയുടെ കാര്യം ഭക്തർ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ല’- സുരേഷ് ഗോപി പറഞ്ഞു.വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിലും സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചു. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കുറേപേരെ ലക്ഷ്യം വയ്ക്കുകയാണ്. തന്നെ കുറേനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേയെന്നും അദ്ദേഹം ചോദിച്ചു.വാടാനപ്പള്ളിയിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. വാടാനപ്പിള്ളിയിലെ ചാമ്പ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തുകയായിരുന്നു.

ഗോഡൗണിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് തള്ളിക്കയറിയ യു.ഡി.എഫ് പ്രവർത്തകർ ഗോഡൗണിന് ചേർന്നുള്ള ഉടമയുടെ വീട്ടിലെത്തിയ ബിജെപി നേതാവ് നടൻ ദേവൻ അടക്കമുള്ളവരെ തടഞ്ഞു വച്ചു. നേരത്തെ തൃശൂർ മണ്ഡലത്തിലെ ഒളരിക്കരയിൽ ഭക്ഷ്യക്കിറ്റ് നൽകിയെന്ന പരാതിയിൽ ബിജെപി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാടാനപ്പള്ളിയിൽ കിറ്റ് വിവാദമുണ്ടായത്.