ചാടി ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനെന്ന് എം വി ഗോവിന്ദന്

കണ്ണൂര്‍: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ സി പി എം – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ സ്ക്വാഡായി മാറി. ചാടി ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
ഇന്നുമുതല്‍ ആസൂത്രിതമായി ആക്രമണം നടത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ഈ പ്രകോപനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് ഗോവിന്ദന് ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകാന്‍ പാടില്ലെന്നും അക്രമം നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, യൂത്ത് കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായത് ഭീകരവാദപ്രവര്‍ത്തനമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പ്രതികരിച്ചു. ജനാധിപത്യപ്രതിഷേധമല്ല നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലും വടിയുമായിട്ടാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ജയരാജന് ആരോപിച്ചു.
ഇത് കേരളമായതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്നലെ വൈകിട്ട് കല്ല്യാശ്ശേരി പഴയങ്ങാടിയിലായിരുന്നു സംഭവം.റോഡരികില്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇരുപതോളം പേരെത്തിയാണ് മര്‍ദിച്ചത്. തുടര്‍ന്ന് പൊലിസ് സംഘമെത്തി. എന്നിട്ടും ഏറെനേരം ആക്രമണം തുടര്‍ന്നു. ഇവരെ രക്ഷപ്പെടുത്തി പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നറിഞ്ഞതോടെ കൂടുതല്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി ആക്രമണം അഴിച്ചുവിട്ടു. സ്റ്റേഷന് വളപ്പിലുണ്ടായിരുന്ന ബൈക്കുകള്‍ തകര്‍ത്തു. രംഗങ്ങള്‍ ചിത്രീകരിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തട്ടിക്കയറി. കരിങ്കൊടി പ്രതിഷേധം തടയാത്തതിന് പൊലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.