വീണ്ടും ലോക്ഡൗണും കൊവിഡും തിരിച്ചുവരുമോ?

വാഷിംഗ്ടൺ: ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകൾക്ക് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എൻബി.1.8.1 ആണെന്ന് സ്ഥിരീകരിച്ച് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (ഡിസിസി). ചൈനയിൽ വിവിധ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയർന്നിരിക്കുന്നത്. മാർച്ച് മാസത്തിന്റെ അവസാന നാളുകളിലും ഏപ്രിലിന്റെ തുടക്കത്തിലും യുഎസ് വിമാനത്താവളത്തിൽ ആദ്യമെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിത്.
കാലിഫോർണിയ, വാഷിംഗ്ടൺ, വെർജീനിയ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ റോഡ് ഐലൻഡ്. ഹവായ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ റിപ്പോർട്ട് ചെയ്ത് ആകെ കേസുകൾ കുറവാണെങ്കിലും ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് നെവാഡ സർവകലാശാലയിലെ മൈക്രോബയോളജി ആൻഡ് ഇമ്യൂണോളജി പ്രൊഫസർ ഡോ. സുഭാഷ് വർമ മുന്നറിയിപ്പ് നൽകി. ഡിസിസി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എൻബി.1.8.1 ബാധിതരായ യാത്രക്കാർ ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, തായ്ലൻഡ്, വിയറ്റ്നാം, സ്‌പെയിൻ, നെതർലാൻഡ് എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ രോഗം ലോകമൊട്ടാകെ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വിദേശ രാജ്യങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് വൈറസുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മാരകമല്ലെന്നാണ് വിദഗ്ദർ പറയുന്നത്. അതേസമയം, ഹോങ്കോംഗിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയ്ക്കുളളിൽ 81 കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ കൂടുതലും 65 വയസിന് മുകളിലുളളവരാണ്.