പ്രായം അനുവദിക്കും വരെ സജീവ രാഷ്ട്രീയത്തില്‍ തുടരും : തരൂർ

തിരുവനന്തപുരം: പ്രായം അനുവദിക്കും വരെ സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ലെന്നും അത് ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. കോണ്‍ഗ്രസ് എംപിയായ തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ പോലും സജീവ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു തരൂരിന്റെ പ്രതികരണം.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചായിരുന്നു തരൂര്‍ നിലപാട് അറിയിച്ചത്. രാഷ്ട്രീയ പ്രവേശത്തില്‍ ഒരിക്കലും ഖേദം തോന്നിയിട്ടില്ല. പൊതുപ്രവര്‍ത്തകന് ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാന്‍ കഴിയും. തീരുമാനങ്ങള്‍ എടുക്കാനും നയങ്ങള്‍ നടപ്പിലാക്കാനും സാധിക്കും. അതാണ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ കരുത്ത്. പ്രായം അനുവദിക്കുന്നത് വരെ രാഷ്ട്രീയം വിടാന്‍ പരിപാടിയില്ലെന്നും അദ്ദേഹം പറഞ്ഞു.