സുധാകരനെ മാറ്റുമോ? തീരുമാനം ഉടനെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതില്‍ ആകാംക്ഷ. കെ സുധാകരനെ മാറ്റുന്നതില്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. അതേസമയം മാറ്റാന്‍ ഉള്ള നീക്കത്തോട് ഇപ്പോഴും സുധാകരന്‍ തുടരുന്ന എതിര്‍പ്പ് നേതൃത്തെ വെട്ടിലാക്കുന്നുണ്ട്. അനാരോഗ്യം പറഞ്ഞ് മൂലയ്ക്ക് ഇരുത്താന്‍ ശ്രമം ഉണ്ടെന്ന് സുധാകരന്‍ തുറന്നടിച്ചിരുന്നു. സുധാകരന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സുധാകരന് പകരം ഉയര്‍ന്ന പേരുകളോടും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഉടന്‍ മാറ്റുമെന്ന സൂചനയ്ക്കിടെ വഴങ്ങില്ലെന്ന് സുധാകരന്‍ സൂചന നല്‍കിയത് നേതൃത്വത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയത്. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാര്‍ത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീല്‍ ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകള്‍ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലയോ എന്ന് ഞാന്‍ അല്ലെ പറയേണ്ടതെന്നാണ് സുധാകരന്‍ ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്‌ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും ഞാന്‍ നോര്‍മല്‍ അല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിക്കുന്നു.