അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ശുപാര്‍ശയില്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയില്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി. ഡിജിപി ശുപാര്‍ശ നല്‍കി അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എഡിജിപിക്കെതിരായ അന്‍വറിന്റെ ആരോപണങ്ങളില്‍ ഡിജിപി ഈ ആഴ്ച ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. പി.വി.അന്‍വര്‍ നല്‍കിയ മൊഴിയില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ബന്ധുക്കള്‍ മുഖേന സ്വത്ത് സമ്പാദനം, കേസ് അട്ടിമറിക്കാന്‍ പണം വാങ്ങല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. സാമ്പത്തിക ആരോപണത്തിലെ അഞ്ചു കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ. തന്റെ കീഴിലുളള പ്രത്യേക സംഘത്തിന് സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാനാവില്ലെന്ന നിലപാടെടുത്തോടെ എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് വെട്ടിലായത്.

എഡിജിപിയുടെ ബന്ധുക്കളുടെ സാമ്പത്തിക സ്‌ത്രോതസുകള്‍ അന്വേഷിക്കാന്‍ മൂന്നു മാസത്തിലധികം വിജിലന്‍സിന് വേണ്ടിവരും. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഡിജിപി കുറ്റവിമുക്തനാക്കിയാലും സാമ്പത്തിക ആരോപണങ്ങളില്‍ നിന്നും എഡിജിപിക്ക് മോചനം നേടാന്‍ വീണ്ടും സമയമെടുക്കും. അജിത്തിനെ വീണ്ടും ഒരു അന്വേഷണത്തിലേക്ക് കുരുക്കാന്‍ തല്‍പര്യമില്ലാത്ത സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ നീട്ടുകയാണ്.

പ്രാഥമിക അന്വേഷണം കഴിഞ്ഞാലും വിജിലന്‍സ് അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാകില്ല. ഭരണ കക്ഷി എംഎല്‍എയും ഒരു എസ്പിയും ആരോപണം ഉയര്‍ത്തിയിട്ടും എഡിജിപിയെ സംരക്ഷിച്ച സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കനാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്. ഈ ആഴ്ച തന്നെ ഡിജിപി സര്‍ക്കാരിലേക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *