രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ തുറന്ന കത്തുമായി വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് തുറന്ന കത്തുമായി വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ. ലൈംഗികാതിക്രമ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ കൂട്ടാളികള്‍ ഭീഷണിപ്പെടുത്തുകയും കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. കോണ്‍ഗ്രസ് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കത്തിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അയച്ചിട്ടുണ്ട്.
നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ഇന്ത്യാ അംഗം കൂടിയാണ് രാഹുലിനെതിരായ പരാതിക്കാരി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണം, അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടി, സര്‍വൈവര്‍-ഷേമിംഗ്, ഭീഷണികള്‍, അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ എന്നിവ വളരെയധികം ആശങ്കയുണ്ടാക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.