സ്ത്രീ സുരക്ഷാപദ്ധതിയിലെ വനിതകളുടെ വിവരങ്ങള്‍ ചോര്‍ന്നു; ചെന്നിത്തല

തിരുവനന്തപുരം: ഡാറ്റ ചോര്‍ച്ചയില്‍ പുതിയ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഎസ്ഡി ആയ സാംബശിവ റാവുവിനെകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച കാര്യമാണ് നേരത്തെ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേര്‍ത്തിട്ടുള്ള മുഴുവന്‍ സത്രീകളുടേയും വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെടുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനര്‍ത്ഥം സിപിഎമ്മിന്റെ കൈയ്യിലെത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഗവണ്‍മെന്റിന്റെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തെളിവായി ഒഎസ്ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.

കൂടാതെ യാതൊരു മുന്‍കരുതലും ഇല്ലാതെ സ്വകാര്യ ഏജന്‍സിക്ക് ഡാറ്റാ കൈമാറിയെന്നും, ഇത് തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്തു. ഇത്രയും കൂടുതല്‍ മെസേജ് അയക്കാന്‍ ഐടി വകുപ്പിന് കഴിയില്ല. ഇത് ഒരു സ്വകാര്യ ഏജന്‍സിക്ക് അയച്ചു കൊടുത്തു എന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് മനസിലായത്. മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. സൈബര്‍ തട്ടിപ്പുകാരുടെ കൈയിലേക്ക് കേരളത്തിലെ 35 വയസു കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ കിട്ടിയാല്‍ എന്താകും സ്ഥിതി? ഗുരുതര സാമൂഹിക വിഷയമായി കൂടി ഇത് മാറുകയാണ്.ഐ ടി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പത്തോളം സ്വകാര്യ ഏജന്‍സികളെ എം പാനല്‍ ചെയ്യാന്‍ ഒഎസ്ഡി ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തിനാണ് ഇങ്ങനെ എം പാനല്‍ ചെയ്തത്? സാംബശിവ റാവു ശിവശങ്കരന്റെ റോളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സാംബശിവ റാവു ശിവശങ്കരന്റെ അനുഭവം ഓര്‍ക്കണം. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. മുഖ്യമന്ത്രിയും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.