മെഡിക്കൽ വിദ്യാർഥികളുടെ മാനസികാരോഗ്യംബോധവൽക്കരണത്തിനായി ശില്പശാല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സംഘാടകസമിതിയും വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ്സ്-ഉം സംയുക്തമായി “മെഡിക്കൽ വിദ്യാർഥികളുടെ മാനസികാരോഗ്യം” എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.

മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങൾ, അക്കാദമിക് സമ്മർദം, ജോലി–ജീവിത സമതുലിതാവസ്ഥ, ബേൺഔട്ട് എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനങ്ങളാണ് ശില്പശാലയിൽ അവതരിപ്പിച്ചത്. ഡോ. അരുൺ ബി. നായർ, ഡോ. കെ. എ. കുമാർ, ഡോ. രഞ്ജു രവീന്ദ്രൻ, ഡോ. നീതു ബി. എസ്. എന്നിവർ വിഷയാവതരണം നടത്തി. ഡോ. ജെറി ജോൺ ജെ. ശില്പശാലയുടെ മോഡറേറ്ററായി.

ചടങ്ങിൽ ഡോ. ദേവിക ജെ. സ്വാഗതവും ഡോ. ഉഷാദേവി കെ. ബി. നന്ദിയും പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (DME) ഡോ. കെ. വി. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാർഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്ന ചോദ്യോത്തര പരിപാടിയും ശില്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നേരിടുന്ന മാനസിക വെല്ലുവിളികളെ അതിജീവിക്കാൻ സഹായകമായ ഒട്ടേറെ ക്രിയാത്മക നിർദ്ദേശങ്ങളും പ്രായോഗിക മാർഗരേഖകളും ശില്പശാലയിൽ അവതരിപ്പിക്കപ്പെട്ടു.

വിദ്യാഭ്യാസവും ചികിത്സാരംഗവും ഒരുപോലെ മാനുഷികമാക്കുന്നതിലേക്ക് ശക്തമായൊരു മുന്നേറ്റമായി ശില്പശാല മാറിയെന്ന് പങ്കെടുത്തവർ വിലയിരുത്തി.