ലോക കേരള സഭ: അധികാര പ്രകടനം ; വിമർശനം ഉന്നയിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചു സമ്മേളനങ്ങൾ സംസ്ഥാന ഖജനാവിൽ നിന്നുള്ള കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രവാസികൾക്ക് യാതൊരു നേട്ടവും നൽകാനായില്ലെന്ന് മുൻ എംഎൽഎ ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന അധികാര പ്രകടനമായിരുന്നു ഈ സമ്മേളനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രസംഗങ്ങൾ ഒഴികെ, പ്രവാസി ക്ഷേമത്തിനായി ലോക കേരള സഭ മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ചില ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത് വലിയ നേട്ടമായി അവതരിപ്പിച്ചെങ്കിലും, ഇതുവരെ കാര്യമായ വിദേശ നിക്ഷേപങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോടുള്ള വിശ്വാസക്കുറവും രാഷ്ട്രീയ ആശങ്കകളും ഇതിന് കാരണമാണെന്നും വിമർശനം ഉയർന്നു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട നോർക്ക വകുപ്പ് പ്രവർത്തനരഹിതമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പുനരധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ നിലച്ചിരിക്കുകയാണെന്നും ആരോപിച്ചു.
ലോക കേരള സഭയെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പണപ്പിരിവിനുള്ള വേദിയായി ഉപയോഗിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വിദേശത്തുള്ള ധനാഢ്യർക്കും പാർട്ടി ഘടകങ്ങളുടെ ചില നേതാക്കൾക്കുമാണ് സഭയിൽ കൂടുതൽ പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ പ്രവാസി മലയാളികളുടെ യഥാർത്ഥ പ്രതിനിധിസഭയല്ലെന്നും, എല്ലാ സമ്മേളനങ്ങളിലും സ്ഥിരമായി പങ്കെടുക്കുന്ന ചിലർക്കാണ് മുൻതൂക്കം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.