‘ഭാവിയിൽ തലവേദനയാകുമോയെന്ന് ആശങ്ക’; പിവി അൻവറിന് മുന്നിൽ ഫോര്‍മുല വെക്കാൻ കോണ്‍ഗ്രസ്

മലപ്പുറം: പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പിവി അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കില്‍ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍.
കേരള പാര്‍ട്ടി വേണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നാളത്തെ കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കില്‍ അന്‍വറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും എത്തിയേക്കും. പിവി അന്‍വറിനെ മുന്നണിയിലെടുത്താല്‍ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം.
പിവി അന്‍വറുമായി തല്‍ക്കാലം സഹകരണം മതിയെന്ന അഭിപ്രായം യുഡിഎഫില്‍ ശക്തമാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നാളെ അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളത്തെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നിലപാട് പിവി അന്‍വറിനെ അറിയിക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച ചില ഉറപ്പുകളും കോണ്‍ഗ്രസ് നല്‍കും.