കേരളജനത എനിക്കിട്ട വില 2400 രൂപ”; സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ജനുവരി 30ന് തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രസംഗിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയാണ് തര്‍ക്കം.

അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രസംഗിച്ചതിന് 2400 രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചത്. ഇതാണ് മലയാളികള്‍ തനിക്ക് നല്‍കുന്ന വില. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് സഞ്ചരിച്ച ടാക്‌സി കാശുപോലും മുതലായില്ല. ടാക്‌സി ചാര്‍ജും ഡ്രൈവര്‍ക്കുള്ള ബാറ്റയും നല്‍കാന്‍ ആയിരം രൂപ കയ്യില്‍ നിന്നും നല്‍കേണ്ടി വന്നു. അഭിനയത്തിന് ലഭിക്കുന്ന പണത്തില്‍ നിന്നാണ് ഈ കാശ് മുടക്കിയത്. മന്ത്രിമാരുടെ മുന്‍പില്‍ കുനിഞ്ഞുനിന്ന് അവാര്‍ഡ് വാങ്ങാന്‍ ഇതുവരെ വന്നിട്ടില്ല, ഇനി വരികയും ഇല്ലെന്ന് ഈ കാര്യം ചൂണ്ടിക്കാട്ടി ചുള്ളിക്കാട് തുറന്നടിച്ചു.

സി.ഐ.സി.സി. ജയചന്ദ്രനാണ് ‘എന്റെ വില’ എന്ന ഹാഷ്ടാഗില്‍ ഇത് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. ”മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി” പ്രബുദ്ധരായ മലയാളികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

#എന്റെവില.

#ബാലചന്ദ്രന്‍ചുള്ളിക്കാട്

കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).

കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.

ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)

എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).

3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്.

പ്രബുദ്ധരായ മലയാളികളേ,

നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *