യേശുദാസിനെയും ചിത്രയേയും കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍

24 വര്‍ഷംമുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ കോഴിക്കോട് ബീച്ചില്‍ വെച്ച് ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ്(56) ആണ് പിടിയിലാണ്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുന്നയാളാണ് അസീസ്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു പോലീസുകാരന്റെ വയര്‍ലെസ് സെറ്റും അന്ന് നഷ്ടപ്പെട്ടിരുന്നു.

24 വര്‍ഷംമുമ്പ് നടന്ന മലബാര്‍ മഹോത്സവത്തിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്നാണ് അസീസ് അടങ്ങിയ സംഘം ഗായകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. മറ്റ് പ്രതികളെ പിടികൂടിയെങ്കിലും അസീസ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ജീവിക്കുകയായിരുന്നു. ഇയാള്‍ കോഴിക്കോട് വിട്ട് മലപ്പുറത്തേക്ക് മാറി താമസിച്ച് വരികയായിരുന്നു. മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടിലായിരുന്നു ഇയാളുടെ താമസം. അടുത്തിടെ മാത്തോട്ടത്തെ ഒരു അയല്‍വാസിയാണ് അസീസിനെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ഇതോടെ ഇയാളെ നിരീക്ഷിച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്‌കുമാര്‍, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അസീസിനെ കോടതി ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *