കിട്ടി ! എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ക്രൈബ്രാഞ്ച് പിടിയില്‍. മണ്‍വിള സ്വദേശി ജിതിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്. ജിതിനാണ് സ്കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കസ്റ്റഡിയിലെടുത്ത ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം.
പ്രതിയെ പിടിക്കാന്‍ വൈകിയത് സര്‍ക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വന്‍ വിവാദമായി കത്തിപ്പടര്‍ന്നു. സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതല്‍ ചര്‍ച്ചയായി.