എം ആർ എഫ്  ദീർഘകാല സേവനവേതന കരാറായി; വർദ്ധനവ്  6450 രൂപ

കോട്ടയം : എംആർഎഫിലെ കരാർ തൊഴിലാളികളുടെ ദീർഘകാല സേവന വേതന കരാർ ഒത്തുതീർപ്പായി. തൊഴിലാളികൾക്ക് 6200 രൂപയുടെ പ്രതിമാസ വേതന വർദ്ധനവും 20 ദിവസത്തിൽ കൂടുതൽ അറ്റൻഡൻസ് ഉള്ളവർക്ക് 250 രൂപ പ്രതിമാസ അറ്റൻഡൻസ് അലവൻസുമടക്കം 6450 രൂപയുടെ വർദ്ധനവാണ് ലഭിക്കുക. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വർദ്ധിപ്പിച്ച ശമ്പള തുകയുടെ 70% നിലവിലുള്ള അടിസ്ഥാന ശമ്പളത്തിലും ശേഷിക്കുന്ന 30% വാഷിംഗ് അലവൻസിലുമാണ് ലയിപ്പിക്കുക. കഴിഞ്ഞ ജനുവരി 22 മുതൽ മുൻകാലപ്രാബല്യത്തോടെ നടപ്പിലാക്കുന്ന സേവനവേതന കരാറിന്റെ കാലാവധി മൂന്നു വർഷമായിരിക്കും. ജനുവരി 22 മുതലുള്ള ശമ്പള അരിയർ 15 ദിവസത്തിനകം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.  തൊഴിൽമന്ത്രിയുടെ ചേമ്പറിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ലേബർ കമ്മീഷണർ ഡോ. കെ വാസുകി അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ,എംആർഎഫ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ(സി ഐ ടി യു ) പ്രതിനിധികളായ കെ ജെ  തോമസ്,  എ കെ അലിച്ചൻ, ജോൺ ജോസഫ്, ജിതിൻ ജോർജ്, എംആർഎഫ് കോൺട്രാക്ട് വർക്കേഴ്സ് സംഘ് പ്രതിനിധികൾ സജീവ് കുമാർ കെ,  എസ് എസ് ശ്രീനിവാസ പിള്ള,  ശ്രീകുമാർ എന്നിവരും എംആർഎഫ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ചു ചീഫ് ഹ്യൂമൻ റിസോഴ്സ്  മാനേജർ എസ് ഷിബു, ഡെപ്യൂട്ടി മാനേജർ ചെറിയാൻ ഏലിയാസ്, പ്ലാന്റ് ഹെഡ് രാജേന്ദ്ര സിംഗ് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *