പുറമേ ബിജെപിയെ എതിര്‍ക്കും, എന്നാല്‍ ബിസിനസ് വിജയിപ്പിക്കാന്‍ സഹായം…കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്സ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15ന് ഇതുസംബന്ധിച്ച കരാര്‍ ഇരുകമ്പനികളും ഒപ്പുവച്ചിരുന്നു.
ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ് അവകാശം പൂര്‍ണമായും നിരാമയ റീട്രീറ്റ്സിന് കൈമാറി.
ഇടതുമുന്നണി കണ്‍വീനറും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള റിസോര്‍ട്ടായിരുന്നു വൈദേകം. രണ്ടു പേരുടേയും പേരില്‍ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്കാലിക നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പറഞ്ഞു.
നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും പി കെ ഇന്ദിര വ്യക്തമാക്കി. റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്ത മുന്‍പ് ഇന്ദിര നിഷേധിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി ഇരുകമ്പനികളും കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നാണ് വിവരം.
എന്നാല്‍ എത്ര രൂപയ്ക്കാണ് കരാര്‍ ഒപ്പുവച്ചതെന്നതില്‍ വ്യക്തയില്ല. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന് ജേക്കബ് പരാതി നല്‍കിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം തേടിയെന്നും ഇ പി ജയരാജന്റെ സ്വാധീനത്താല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേര്‍ന്ന് റിസോര്‍ട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്.റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.