ആലപ്പുഴ : തീരദേശ പരിപാലന ചട്ടം ല൦ഘിച്ച് പണിത ആലപ്പുഴ നെടിയൻത്തുരുത്തിലെ
കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ആരംഭിച്ചു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായി.റിസോര്‍ട്ട് ജീവനക്കാരാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ റിസോര്‍ട്ടും ഭൂമിയും ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ റിസോര്‍ട്ട് പൊളിക്കല്‍ ആരംഭിച്ചത്.
പാണാവള്ളി നെടിയതുരുത്തിലെ 35,900 ചതുരശ്രയടി കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. വേമ്പനാട് കായലിലെ തുരുത്തില് സ്ഥിതിചെയ്യുന്ന റിസോര്‍ട്ട് തീരപരിപാലന നിയമം ലംഘിച്ചതിന് പൊളിച്ചുമാറ്റാന്‍ 2020ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍.
കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷമാണ് പൊളിക്കൽ നടപടികളിലേക്ക് കടക്കുന്നത്.
മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് 2011 ൽ കാപ്പിക്കോ റിസോർട്ട് പണിതത്. റിസോർട്ടിന്റെ ഒരു ഭാഗം സ്വമേധയാ പൊളിച്ച് നീക്കാമെന്ന് റിസോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ കെട്ടിടത്തിൽ നിന്നും മാറ്റിയ ശേഷമാകും റിസോർട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റുക