തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചു. രാവിലെ 9.30നാണ് പരീക്ഷ ആരംഭിച്ചത്. 4,27,021വിദ്യാർത്ഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2964ഉം ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുക. 4,44,693 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് (1893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്‌എസ്‌എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രം. 2017പേർ ഇവിടെ പരീക്ഷ എഴുതും.
ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്‌കൃതം എച്ച്‌എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്.ഏപ്രിൽ മൂന്ന് മുതൽ 26 വരെ 72 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ മൂന്നിന് ആരംഭിച്ച് 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് ആരംഭിച്ച് 26ന് അവസാനിക്കും. മൂല്യനിർണയ ക്യാമ്പുകളിലേക്ക് അഡീഷണൽ ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് പത്ത് മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും. കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.