തിരുവനന്തപുരം ∙ സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് പുതിയ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി.ജയരാജന് പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. വ്യവസായ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്
പി.ജയരാജന്റെ ശാരീരിക അസ്വസ്ഥതയും ഉയർന്ന സുരക്ഷാ സംവിധാനമുള്ള വാഹനത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് 35 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും ഉത്തരവിലുണ്ട്. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത് . സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു