കശ്മീരിൽ കുടുങ്ങിയവരിൽ 4 എംഎൽഎമാരും 3 ഹൈക്കോടതി ജ‍ഡ്‌ജിമാരും; തിരിച്ചെത്തിക്കാൻ ശ്രമം

തിരുവനന്തപുരം∙ ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു.

തിരൂരങ്ങാടി എംഎൽഎ കെ.പി.എ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൊല്ലം എംഎൽഎ എം. മുകേഷ്, കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് എന്നിവരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ ഉൾപ്പെടും. ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

കേരളത്തില്‍നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കശ്മീരില്‍ കുടുങ്ങിപോയവരിൽ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക്ക് നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് റജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *