ഉദയ്പൂർ സംഭവം : മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന താക്കീതു വീണ്ടും നല്‍കുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്‌പ്രേരകമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഏതു മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം. നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *