സുരക്ഷാ വീഴ്ച! പിണറായി വിജയന്റെ കാറുമായി മുൻ ഗൺമാന്റെ കറക്കം; ഇന്റലിജൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പിണറായി വിജയന്റെ അകമ്പടി വാഹനങ്ങളിലൊന്ന് സസ്‌പെൻഷനിൽ കഴിയുന്ന മുൻ ഗൺമാൻ അനിൽ കുമാർ ഉപയോഗിച്ച സംഭവത്തിൽ പോലീസ് മേധാവി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.
പിണറായി വിജയൻ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഔദ്യോഗികമായി അനുവദിച്ച വാഹനം മുൻ ഗൺമാൻ കറങ്ങാനായി ഉപയോഗിച്ചത്. എംസി റോഡ് വഴി പത്തനാപുരം, ഏനാത്ത് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇയാൾ വാഹനം ഓടിച്ചുപോയതായാണ് ഇന്റലിജൻസ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2023 ഡിസംബറിൽ നടന്ന നവകേരള സദസ്സ് പര്യടനത്തിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് അനിൽ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.