സ്ത്രീവിരുദ്ധ സര്‍ക്കുലര്‍; കൃഷ്ണ തേജ തെറിച്ചു, പി.ബി നൂഹ് പുതിയ ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഉത്തരവിറക്കിയ ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജയെ മാറ്റി. ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയതിനാണ് സര്‍ക്കാര്‍ നടപടി. പി.ബി. നൂഹ് ആണ് പുതിയ ഡയക്ടര്‍. വിവാദ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

ഈ മാസം പതിനേഴിന് കൃഷ്ണ തേജ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. ഓഫീസിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടി എടുക്കാനുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം.

ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുന്നുണ്ട്. ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ സമയം നഷ്ടപ്പെടുത്തുന്നുവെന്നാണ് ഡയറക്ടറുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *