സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉള്‍പ്പെടെയുളള നേതാക്കള്‍ വെറും ഷോ ; യൂത്ത് കോൺഗ്രസ് പ്രതിനിധികള്‍

പാലക്കാട് :യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യമ്പില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ വെറും ഷോ കാണിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പറഞ്ഞു.സംഘടനാ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം ഉണ്ടായത്. അഹല്യ ക്യാമ്പ് പുരോഗമിക്കുന്ന യുവ ചിന്തന്‍ ശിബിര്‍ ക്യാമ്പിലായിരുന്നു സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായത്.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉണ്ടായത്. ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഷോ മാത്രമായി മാറുന്നുവെന്നാണ് പ്രധാന പരാതി. കാണുന്നവര്‍ക്കൊപ്പമെല്ലാം സെല്‍ഫി എടുത്തത് കൊണ്ട് മാത്രം സംഘടന വളരില്ല.
ഷാഫിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ മറ്റൊരു വിഭാഗവുമെന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം.യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനിയും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.മൂന്ന് ദിവസമായി തുടരുന്ന ക്യാമ്പ് ഇന്ന് സമാപിക്കാന്‍ ഇരിക്കയാണ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.