തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എട്ട് മിനിറ്റിനുള്ളില്‍ പിരിഞ്ഞു.
സഭാനടപടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ച് മന്ത്രിയുടെ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഭരണഘടനയെ അവഹേളിച്ച മന്ത്രി സഭയില്‍ ഇരിക്കുന്നതിനാല്‍ ചോദ്യം ചോദിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഇതോടെ ചോദ്യം ഉന്നയിക്കാതെ മന്ത്രിമാര്‍ മറുപടി പറയേണ്ടിവന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പോര്‍വിളി നടത്തി. അംഗങ്ങള്‍ സീറ്റില്‍ ഇരിക്കണമെന്നും സഭാ നടപടികളോട് സഹകരിക്കണമെന്നും സ്പീക്കര്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടുവെങ്കിലും അംഗങ്ങള്‍ സഹകരിക്കാന്‍ തയ്യാറായില്ല.
ശൂന്യവേളയും ചോദ്യോത്തര വേളയും നിര്‍ത്തിവച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തരുതെന്നും അത് ചട്ടവിരുദ്ധമാണെന്നുമുള്ള സ്പീക്കറുടെ അഭ്യര്‍ഥന തള്ളി.
പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രിമാര്‍ അടക്കം ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു. ധനാഭ്യര്‍ത്ഥനകള്‍ സഭയുടെ മേശപ്പുറത്ത് വച്ചു പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുമായി സഭയ്ക്ക് പുറത്തേക്ക് വന്നു. ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലേക്ക് വന്നുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.